Tuesday, November 30, 2010

കാളിദാസൻ

ഭംഗമണയാതെ ജലരാശിയുടെ മീതേ
ഭംഗതതിയെന്നപടിയിന്നിവനു നാക്കിൽ
ഭംഗിതികയുന്ന മൊഴി തന്നുകനിയേണം
ഭംഗുരതവിട്ടു വറുഗീസു ഗുരുനാഥൻ

വിജയദശമികൾക്കു വിദ്യാരംഭം നടത്തുമ്പോഴും മറ്റും ഗുരുവിനെ സ്മരിക്കുമ്പോൾ മലയാളം അധ്യാപരുടെ മുഖങ്ങളേ മനസ്സിൽ വരാറുള്ളൂ. ഒന്നാം‌ക്ലാസിലെ മലയാളം പുസ്തകത്തിനെ ഒന്നാംപാഠം എന്നു വിളിച്ചുവളർന്ന എന്റെ തലമുറക്കാർക്ക് അതു സ്വാഭാവികമായിരിക്കണം. ഞങ്ങളുടെ ഹൈസ്കൂളിൽ താരപരിവേഷമുള്ള രണ്ടു മലയാളം അദ്ധ്യാപകരുണ്ടായിരുന്നു. അരക്കൈയൻ ഷർട്ടും പോളിയസ്റ്റർ ഡബിളും രണ്ടുപേർക്കുമുണ്ടായിരുന്നു. സ എന്ന ഒന്നാമനായിരുന്നു ഗ്ലാമർ കൂടുതലെങ്കിലും കാ‍ളിദാസൻ എന്ന് ‘ഇരട്ടപ്പേർ’ഉള്ള രണ്ടാമനെയായിരുന്നു എനിക്കിഷ്ടം കൂടുതൽ. മാർജ്ജിൻ മുഴുവൻ കുരുകുരാ എഴുതിയ കുറിപ്പുകളുള്ള പുസ്തകവുമായി ക്ലാസിലെത്തിയിട്ടാണ് സ വിജ്ഞാനം വിളമ്പിയിരുന്നതെങ്കിൽ കാളിദാസൻ ക്ലാസിൽ വന്ന് ആരുടെയെങ്കിലും പുസ്തകം വാങ്ങിച്ചു പഠിപ്പിക്കലായിരുന്നു പതിവ്. സ-യുടെ വരമീശയും സ്വർണ്ണഫ്രെയ്മുള്ള കണ്ണടയും നാടകീയതയുള്ള അവതരണവും ധാരാളം ആരാധകരെയുണ്ടാക്കിയിരുന്നെങ്കിലും കാളിദാസന്റെ ചുരുണ്ടുനീണ്ടമുടിയും തൂങ്ങുന്ന കട്ടിമീശയും ശാന്തതനിറഞ്ഞ സമ്പ്രദായവുമാണ് എന്റെ മനസ്സിൽ പതിഞ്ഞുകിടക്കുന്നത്.

കാളിദാസന്റെ ശരിയായ പേർ വർഗീസ് എന്നായിരുന്നു. ഒരിക്കൽ പിൻബെഞ്ചിലിരുന്ന് ‘കാളിദാസൻ’ എന്നു വിളിച്ച ആരെയോകുറിച്ച് ‘ഒരു കാലത്തും ഗുണം‌പിടിയ്ക്കില്ല’ എന്നു പറഞ്ഞപ്പോൾ മാത്രമാണ് സാറിനെ ക്ഷോഭിച്ചു കണ്ടത്. കവികളിലെ കനിഷ്ഠികാധിഷ്ഠിതന്റെ പേരിന് പരിഹാസപ്പേരാകാൻ എങ്ങനെ കഴിയും എന്ന് ആലോചിച്ചാൽ മനസ്സിലാകും: എത്ര നല്ല വാക്കും അതു പറയുന്ന ഭാവംകൊണ്ട് ചീത്തവാക്കാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. അഥവാ, വാക്കുകളിൽ നല്ലതും ചീത്തയുമില്ല. മുമ്പ് ഉപയോഗിച്ചുകേട്ടിട്ടുള്ള അവസരങ്ങളുടെ സ്മരണയാണ്, വാക്കുകളുടെ പൂർവജന്മകർമ്മഫലങ്ങളായി അവയിൽക്കുടിയിരുന്ന് അവയ്ക്കു ശക്തി പകരുന്നത്. ശബരി കടിച്ചിട്ടു രാമനുകൊടുത്ത പഴങ്ങളെപ്പോലെ ഇപ്പോൾ പറയുന്നയാൾ ഉദ്ദേശിക്കുന്ന അർത്ഥം മാത്രം വാക്കുകളിൽ കാണാൻ ഗുരുക്കന്മാർ തുണയ്ക്കട്ടെ.

<< ശ്ലോകങ്ങൾ