Saturday, January 13, 2007

ജോസ്‌ സാമുവല്‍ - രണ്ട്‌

രണ്ട്‌

പിന്നെയും നാളുകള്‍ കഴിഞ്ഞ്‌ ഹോസ്റ്റലിന്റെ ദിനങ്ങളിലാണ്‌ ജോസിന്‌ അനുഭവകഥകള്‍ നിര്‍മ്മിച്ചെടുക്കേണ്ടി വന്നത്‌.

മഞ്ഞവെളിച്ചവും തുറന്നുവെച്ച പുസ്തകങ്ങളും തെറിവാക്കുകളും ചിതറിക്കിടന്ന മുറികളികളില്‍ സംസാരിച്ചുകൊണ്ടിരുന്നവര്‍ക്കിടയിലാണ്‌ കഥകള്‍ പറയപ്പെട്ടിരുന്നത്‌. കഥ പറയുന്നയാളും ഇണയും റബ്ബര്‍ത്തോട്ടങ്ങളുടെ തണുപ്പിലോ അച്ഛനുമമ്മയുമില്ലാത്ത വീടുകളുടെ രഹസ്യത്തിലോ അപൂര്‍വ്വം ചിലപ്പോള്‍ കിടപ്പറകളുടെ ഇരുട്ടിലോ ഇണചേര്‍ന്നു. ആകാംക്ഷ പ്രകടമാക്കാത്തവരും സിഗറട്ടു പുകച്ചുകൊണ്ട്‌ അശ്രദ്ധനടിക്കുന്നവരും പിന്നെ കൗതുകം മറച്ചുപിടിക്കാത്തവരുമടങ്ങുന്ന ശ്രോതാക്കളുടെ കൂട്ടം ഇണചേരുന്ന ശരീരങ്ങളുടെ ചലനങ്ങള്‍ സൂക്ഷിച്ചുകൊണ്ടിരുന്നു. ലക്ഷണമൊത്ത തന്റെ നഗ്നത പ്രകടിപ്പിച്ച്‌ അഭിമാനിക്കുന്ന കഥാനായകന്‍ സംസാരിച്ചുകൊണ്ടേയിരുന്നു.

മിക്കരാത്രികളിലും കഥപറയുന്ന ഒരുവനുണ്ടായിരുന്നു. തടിച്ച കണ്ണാടിച്ചില്ലുകള്‍ മെല്ലെ തെളിഞ്ഞുതുടങ്ങും. കാത്തിരിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെയെന്നപോലെ അവന്‍ പതുക്കെപ്പതുക്കെ സംസാരിച്ചുതുടങ്ങും. ആകാംക്ഷവളര്‍ത്തിയെടുക്കുന്ന പതിഞ്ഞ വാക്കുകള്‍ മുളച്ചുവരും. ഓരോരുത്തരുടെയും മുഖത്തു മാറിമാറിനോക്കി, ആകര്‍ഷണീയങ്ങളായ വാക്കുകളില്‍, അനുപേക്ഷണീയങ്ങളായ ചലനങ്ങളില്‍ അവന്‍ കഥ പറഞ്ഞുകൊണ്ടേയിരിക്കും. ആള്‍ക്കൂട്ടം കൊതിയൂറുന്ന കണ്ണുകളും അഭിനന്ദിക്കുന്ന പുഞ്ചിരികളുമായി തലയാട്ടിയിരിക്കും.

വിസ്കിയുടെ നിറമുള്ള ഒരു സന്ധ്യ. അടിവസ്ത്രങ്ങളുടെയും സിഗറട്ടുപുകയുടെയും മദ്യത്തിന്റെയും ഗന്ധം നിറഞ്ഞു നിന്ന നിശ്ശബ്ദത. വസ്ത്രം ധരിക്കാതെയും ധരിച്ചും അങ്ങിങ്ങായി അടിഞ്ഞുകൂടിക്കിടന്ന നിഴലുകള്‍ ഒരുപാടു സംസാരിച്ചുകഴിഞ്ഞിരുന്ന ഒരു ഇടവേളയായിരുന്നു അത്‌.

ജോസ്‌ പെട്ടെന്നു സംസാരിക്കാന്‍ തുടങ്ങി. ഇരുണ്ട നിഴലുകള്‍ താണുപോകുന്ന തലയുയര്‍ത്തിനോക്കി. അശ്ലീലവാരികകളുടെ മഞ്ഞത്താളുകള്‍ തുറന്ന് ലിസിച്ചേച്ചി ഇറങ്ങിവന്നു. അവന്‍ കട്ടിലില്‍ മലര്‍ന്നുകിടക്കുകയായിരുന്നു. കയ്യില്‍ റുബിക്സ്‌ ക്യൂബ്‌.

ജോസ്‌ സംസാരിച്ചുകൊണ്ടേയിരുന്നു. കലങ്ങിയ കണ്ണുകള്‍. ചലിച്ചുകൊണ്ടേയിരുന്ന വരണ്ട ചുണ്ടുകള്‍. അവനോര്‍ത്തു: ഇപ്പോള്‍ തന്റെ മുഖം ആരുടേതു പോലെയായിരിക്കും? രാത്രിതോറും ചാതുരിയോടെ കഥ പറയുന്ന കണ്ണാടിക്കാരന്റേതുപോലെയോ? അവന്റെ ചലനങ്ങള്‍ പതുക്കെപ്പതുക്കെ അനുകരണങ്ങളായി. വാക്കുകളെല്ലാം പറയപ്പെട്ടിട്ടുള്ളതുതന്നെയായി. കണ്ണാടിക്കാരന്‍ ഒരിക്കല്‍ ഭോഗിച്ച പെണ്ണിനെ അവന്‍ ഭോഗിച്ചതുപോലെ തന്നെ.

വാതില്‍ക്കല്‍ വന്നുനിന്ന പകച്ച കൊച്ചുകണ്ണുകളെപ്പറ്റിയും ചിതറിവീണ നിറങ്ങളെപ്പറ്റിയും ജോസ്‌ പറഞ്ഞതേയില്ല.

കഥകേള്‍ക്കുന്നവരുടെ സ്ഥിരം ഭാവങ്ങളുള്ള മുഖങ്ങള്‍ ധരിച്ച്‌ ചുറ്റുമിരിക്കുന്നവരെ മാറിമാറി നോക്കി കഥപറയുമ്പോള്‍ ജോസിനു തോന്നി, റോയിച്ചായനാണു കഥപറയുന്നതെന്ന്. ലിസിച്ചേച്ചിയുടെ ശരീരത്തിന്റെ രഹസ്യങ്ങളില്‍ നിന്നും എഴുനേറ്റിരിക്കുന്ന റോയിച്ചായന്‍ സംസാരിക്കുകയാണ്‌. ഒരിക്കല്‍ തന്റെ നഗ്നതയ്ക്കു നേരെ പരിഹാസം പൂണ്ട വിരല്‍ മുമ്പിലിരിക്കുന്ന പാതിയൊഴിഞ്ഞ ഗ്ലാസിലെ വിസ്കിയിട്ട്‌...

വസ്ത്രങ്ങള്‍ വാരിവലിച്ചുടുത്തുകൊണ്ട്‌ ലിസിച്ചേച്ചി ജോസിന്റെ നഗ്നതയില്‍നിന്നെഴുന്നേറ്റു പോയി. കാഴ്ചക്കാര്‍ ഒഴിഞ്ഞ ഗ്ലാസുകളും എരിഞ്ഞുകൊണ്ടിരിക്കുന്ന സിഗററ്റുകളും മതിവരാത്ത കണ്ണുകളുമായി ഇരുട്ടിലിരുന്നു. പിന്നെ ഓരോരുത്തരായി പലതും പറഞ്ഞെഴുന്നേറ്റുപോയി. ആളൊഴിഞ്ഞ കസേരകള്‍ക്കും ഒഴിഞ്ഞ കുപ്പികള്‍ക്കും ഗ്ലാസുകള്‍ക്കും ചിതറിക്കിടന്ന സിഗററ്റുകുറ്റികള്‍ക്കും നടുവില്‍ ഒരു ഭോഗത്തിന്റെ തളര്‍ച്ചയില്‍ ജോസിരുന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞു. പഴമയുടെ ഗന്ധത്തില്‍ ചിതറിക്കിടന്ന കടലാസുകഷണങ്ങളെക്കുറിച്ചും നനഞ്ഞ മണ്ണിലും അടഞ്ഞുകിടന്ന കെട്ടിടത്തിലേക്കു തുറന്ന വാതിലിലും കൂടി വീണ്ടുകിട്ടിയ ബാല്യത്തെക്കുറിച്ച്‌ അവനോര്‍ത്തു. തുറന്നിരുന്ന വായില്‍ പിത്തനീരൂറിക്കൂടുന്നതവനറിഞ്ഞു. അശ്ലീലവാരികകളുടെ നിറം മങ്ങിയ ചിത്രങ്ങളിലെ പുരുഷശരീരങ്ങളോടെന്നപോലെ അവനു സ്വന്തം ശരീരത്തോട്‌ അറപ്പുതോന്നി. ജോസ്‌ ഛര്‍ദ്ദിച്ചു.

<< കഴിഞ്ഞ അദ്ധ്യായം
അടുത്ത അദ്ധ്യായം >>

3 comments:

കുറുമാന്‍ said...

ജോസ് സാമുവല്‍ രണ്ടാം ഭാഗവും നന്നായിരിക്കുന്നു, വലുപ്പകുറവുണ്ടോന്ന് ചോദിക്കുന്നില്ല, കാരണം ഒറ്റ കഥയെ വലുപ്പ കൂടുതല്‍ കാരണം കഷ്ണമാക്കിയാണല്ലോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചൂടാറും മുന്‍പെ മൂന്ന് വായിക്കട്ടെ

വിഷ്ണു പ്രസാദ് said...

രണ്ടാം ഭാഗവും വായിച്ചു.എഴുത്തിന് കുറച്ചുകൂടി മുറുക്കം അനുഭവപ്പെട്ടു.

രാജേഷ് ആർ. വർമ്മ said...

കുറുമാന്‍, വിഷ്ണു, നന്ദി.